കുടിയേറ്റം ഇനി ഇടുക്കിയുടെ ടൂറിസം ഭൂപടത്തില്‍!!! സ്മാരക വില്ലേജിന് അനുമതി

ചെറുതോണി: ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സമര്‍പ്പിച്ച കുടിയേറ്റ സ്മാരക ടൂറിസം വില്ലേജ് എന്ന പദ്ധതിക്കാണ് സംസ്ഥാന ടൂറിസം വകുപ്പ് 3 കോടി രൂപ അനുവദിച്ചത്. കുടിയേറ്റ കര്‍ഷക ചരിത്രത്തെ അടയാളപ്പെടുത്തുന്ന ഒരു ശില്‍പ്പമാണ് പ്രധാന ആകര്‍ഷണം. ജില്ലയിലെ കുടിയേറ്റ കര്‍ഷകരുടെ വിവിധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രധാന വ്യക്തികളുടെ പ്രതിമകളും പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കും. ഇടുക്കി ഡാമിനോടനുബന്ധിച്ച് ഡിറ്റിപിസിയുടെ കൈവശത്തിലുള്ള ടൂറിസം പദ്ധതിയ്ക്കായി നീക്കി വെച്ചിട്ടുള്ള സ്ഥലത്ത് 5 ഏക്കറിലാണ് ഈ പദ്ധതി തയ്യാറാവുന്നത്.

ജില്ലയിലെ പ്രധാനപ്പെട്ട ചരിത്ര സംഭവങ്ങള്‍ സൂചിപ്പിക്കുന്ന എക്സിബിഷന്‍ സെന്റര്‍, കോഫി ഷോപ്പ്, നടപ്പാത, സോളാര്‍ ലൈറ്റിംഗ് എന്നിവ ഉള്‍പ്പെട്ടതാണ് പദ്ധതി. ജില്ലയിലെ ടൂറിസം വികസനത്തിന് പദ്ധതി കുതിപ്പേകുന്നതാണെന്ന് ഡിറ്റിപിസി സെക്രട്ടറി ജയന്‍ പി വിജയന്‍ പറഞ്ഞു. പ്രളയത്തെ തുടര്‍ന്ന് ഏറ്റവും തകര്‍ച്ച നേരിട്ട ചെറുതോണിയ്ക്ക് പദ്ധതിയ്ക്ക് ലഭിച്ച അംഗീകാരം ഉണര്‍വ് പകരും.

നിലവില്‍ മൂന്നാര്‍, വാഗമണ്‍, രാമക്കല്‍മേട് എന്നീ സ്ഥലങ്ങളിലാണ് ടൂറിസ്റ്റുകള്‍ ഇപ്പോള്‍ കൂടുതലായി എത്തുന്നത്. ഇതോടൊപ്പം ഇടുക്കിയിലും പരിസര പ്രദേശങ്ങളിലുമുള്ള ടൂറിസം സാദ്ധ്യതകള്‍ വികസിപ്പിക്കുന്നതിന് പദ്ധതി ഉപകരിക്കും. നിലവില്‍ ചെറുതോണിയിലെ ഹില്‍വ്യൂ പാര്‍ക്കിലും ഇടുക്കി പാര്‍ക്കിലും നവീകരണ പരിപാടികള്‍ നടന്നുവരികയാണ്.

YOUR EXTRAORDINARY STORY STARTS NOW
Write us a mail

Or Call us now
+91 9605730071