അതിസാഹസികത ഇഷ്ടപ്പെടുന്നവരെ ഏറെ സന്തോഷിപ്പിക്കുന്ന, പ്രകൃതി അതിമനോഹരമായി അണിയിച്ചൊരുക്കി നിർത്തിയിരിക്കുന്ന, സ്വർഗതുല്യമായ ഒരിടമാണ് ഇല്ലിക്കൽ കല്ല്. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടക്ക് സമീപമാണ് പ്രകൃതിയുടെ കയ്യൊപ്പു പതിഞ്ഞ ഈ സുന്ദരഭൂമി സ്ഥിതി ചെയ്യുന്നത്. കോടമഞ്ഞിന്റെയും തണുത്ത കാറ്റിന്റെയും മൂടുപടം മാറ്റി കടന്നുചെല്ലുമ്പോൾ, സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന മനോഹര ദൃശ്യങ്ങളാണ് ഇല്ലിക്കൽ കല്ലിലുള്ളത്. അതിമനോഹരമെങ്കിലും അപകട സാധ്യത കൂടുതലുള്ള ഈ സുന്ദരഭൂമിയിലേക്കു യാത്ര ചെയ്യുമ്പോൾ കുറച്ചുകാര്യങ്ങൾ ശ്രദ്ധിക്കുന്നത് യാത്ര കൂടുതൽ സുന്ദരമാക്കും.
സമുദ്രനിരപ്പിൽ നിന്നും ഏകദേശം മൂവായിരം അടി മുകളിലായാണ് ഇല്ലിക്കൽ കല്ലിന്റെ സ്ഥാനം. അടിവാരത്തുള്ള വിശാലമായ പാർക്കിങ് ഗ്രൗണ്ടിൽ വാഹനം നിർത്തിയതിനുശേഷം, കുറച്ചേറെ ദൂരം മുകളിലേക്ക് ചെന്നാൽ മാത്രമേ സുന്ദരമായ ഈ ഭൂമികയിലേക്കെത്താൻ സാധിക്കുകയുള്ളു. പച്ചയണിഞ്ഞു നിൽക്കുന്ന മൊട്ടക്കുന്നുകളെ വകഞ്ഞു മാറ്റിയുള്ള യാത്ര ആരെയും ഹരം പിടിപ്പിക്കും. ട്രെക്കിങ്ങ് ഇഷ്ടപ്പെടുന്നവർക്കു നടന്നുകയറാനുള്ള സൗകര്യങ്ങളുണ്ട്. കുത്തനെയുള്ള കയറ്റമായതുകൊണ്ടു തന്നെ നടന്നു കയറുക എന്നത് അല്പം ആയാസകരമാണ്. ആളൊന്നിന് ഇരുപതു രൂപ നിരക്കിൽ ഈടാക്കുന്ന ജീപ്പ് സർവീസുകളുണ്ട്. അതിൽ കയറി ചാഞ്ചാടിയും കുലുങ്ങിയും മുകളിലേക്കെത്തുക എന്നത് ഏറെ രസകരമാണ്.