പുനരധിവാസത്തിന്റെയും പുനർനിർമാണത്തിന്റെയും രൂപരേഖ തയ്യാറാക്കുന്നിടത്തുനിന്നുതന്നെ പുതിയൊരു അധിവാസപദ്ധതി നാം തുടങ്ങേണ്ടതുണ്ട്. നമ്മുടെ മനോഭാവം മാറ്റിയെടുക്കുക എന്നതിൽനിന്ന് തുടങ്ങണം. മനുഷ്യർ സമൂഹമായി നിലനിന്നുപോരുന്നിടത്തൊക്കെ ജീവിക്കുന്ന അതതു പരിസരവുമായാണ് ഇണങ്ങിച്ചേരുന്നത്. അതുകൊണ്ടുതന്നെ അവരവരുടെ ജീവിതസ്ഥലത്തുനിന്നോ പരിസരങ്ങളിൽനിന്നോ മാറിത്താമസിക്കേണ്ടി വരുന്നത് ഇവരെ സംബന്ധിച്ചിടത്തോളം ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അവരവരുടെ സ്ഥലത്തായാൽപോലും പുതിയൊരു ആവാസവ്യവസ്ഥ സൃഷ്ടിക്കപ്പെടുന്നതും പലർക്കും അംഗീകരിക്കാനാകില്ല. ജീവിതത്തിനപ്പുറത്ത് മറ്റൊന്നുമില്ലെന്നും ജീവിക്കുകയെന്നതാണ് പ്രധാനമെന്നും കരുതുന്നിടത്തുമാത്രമേ മാറിയുള്ള ചിന്തകൾക്ക് സ്ഥാനം ലഭിക്കുകയുള്ളൂ.
വീടുകൾ നിർമിക്കുമ്പോൾ
മലമ്പ്രദേശങ്ങളായ ഇടുക്കിയിലും വയനാട്ടിലും മരണങ്ങൾ ഏറെയും സംഭവിച്ചിട്ടുള്ളത് ഉരുൾപൊട്ടലും മണ്ണിടിച്ചിലും മൂലമാണ്. അതിന് സാധ്യതയുള്ള സ്ഥലങ്ങളിൽ നാം വീടുകൾ െവച്ചിരിക്കുന്നതിനാലാണ് അത് സംഭവിക്കുന്നത്. ശാസ്ത്രത്തിന്റെ ഇപ്പോഴത്തെ വികസിതരൂപത്തിൽ ഉരുൾപൊട്ടൽ സാധ്യതകളും മറ്റും മുൻകൂട്ടി കണ്ടെത്താൻ സാധിക്കും. അത്തരം സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി, ഉരുൾപ്പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാനിടയുള്ള ഇടങ്ങളിൽനിന്ന് മാറിത്താമസിക്കുകയാണ് അഭികാമ്യം. നശിച്ച വീടുകൾ മിക്കതും വലിയ തുക മുടക്കി നിർമിച്ച ഉറപ്പുള്ള വീടുകളായിരുന്നു. അവ നിർമിച്ചത് അപകടസാധ്യതയുള്ളിടങ്ങളിലാണെന്നതാണ് നഷ്ടത്തിന് വഴിതെളിച്ചത്. ഓരോ മനുഷ്യനും വീടുവയ്ക്കുന്നത് ഓരോരോ ആഗ്രഹങ്ങളുടെ പുറത്താണ്. കടൽക്കാറ്റേറ്റ് കിടന്നുറങ്ങണമെന്നും പുഴയുടെ ശീതളിമയിലേക്ക് രാവിലെ ഉറക്കമുണരണമെന്നും കുന്നിൻ ചെരുവുകൾക്കപ്പുറത്തെ മനോഹാരിത കണ്ടു സ്വപ്നങ്ങൾ നെയ്യണമെന്നുമൊക്കെ ആരെങ്കിലും മോഹിച്ചാൽ തെറ്റുപറയാനാകില്ല. അതിനുവേണ്ടി വിഭവങ്ങൾ ചെലവാക്കുകയാണ് മിക്കവരും ചെയ്യുന്നത്. അതിൽ നിന്നുമാറി, വീടുവയ്ക്കാൻ പറ്റിയ സ്ഥലമേതെന്നും വാസ്തുശാസ്ത്രം മികച്ചതെന്നു വിധിച്ചാലും ഭൂമിശാസ്ത്രം അനുസരിച്ച് അപകടം കൂടാതെ താമസിക്കാൻ ഉതകുന്ന വീടിന് പറ്റിയ സ്ഥലമാണോ എന്നും ചിന്തിച്ചുതുടങ്ങാനുള്ള അവസരമാണിത്.
കുട്ടനാട്ടിൽ എന്തുവേണം
കുട്ടനാടിന്റെ ഇന്നത്തെ ദുരവസ്ഥയിൽ ഒരു പുനർവിചിന്തനം അനിവാര്യമാണ്. അവിടെ ഇപ്പോഴും വെള്ളം ഉയരുകയാണ്. കുട്ടനാട് വാസയോഗ്യമാണോ എന്നുതന്നെ നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ഒരു ചെറിയ മഴ വന്നാൽ പോലും കുട്ടനാട്ടിലെ വാസസ്ഥലങ്ങളിലെല്ലാം വെള്ളം കയറുകയും ആളുകൾക്ക് മാറിത്താമസിക്കേണ്ടിവരികയും ചെയ്യുന്നുണ്ട്. ഇവരുടെ പുനരധിവാസത്തിന് മറ്റൊരു ടൗൺഷിപ്പ് സാധ്യമാണെങ്കിൽ അത്തരമൊരു സാധ്യതയെപ്പറ്റി ചിന്തിക്കേണ്ടതുണ്ട്. വിയറ്റ്‌നാമിലും ഫിലിപ്പീൻസിലും മറ്റും ചെയ്യുന്നതുപോലെ വലിയ ബോട്ട് ഹൗസുകൾ ഒരു സാധ്യതയാണ്. വെള്ളം പൊങ്ങുന്നതിനൊപ്പം ഉയരുന്ന അതിജീവനമാതൃകകളാണ് അവ.
പ്രളയ അടയാളങ്ങൾ വേണം
കേരളത്തിലെ റോഡുകൾ ഏതെങ്കിലും വിധത്തിൽ വെള്ളപ്പൊക്കത്തിന് ആക്കംകൂട്ടിയിട്ടുണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ട്. വെള്ളത്തിന്റെ സ്വാഭാവികമായ ഒഴുക്കിനെ തടയുന്ന രീതിയിൽ റോഡുനിർമാണം പലയിടത്തും നടന്നിട്ടുള്ളതായി വേണം കരുതാൻ. ഇത് എങ്ങനെ പരിഹരിക്കാമെന്നതിനെപ്പറ്റി പൊതുമരാമത്ത് വകുപ്പിലെ എൻജിനീയർമാർ പരിശോധിക്കേണ്ടതുണ്ട്. വലിയ നീരൊഴുക്കുകൾക്ക് കുറുകെ ചെറിയ പാലങ്ങൾ നിർമിക്കുന്നത് വെള്ളപ്പൊക്കത്തിനു കാരണമായേക്കാം. പല പാലങ്ങളും കലുങ്കുകളും ഒഴുകിപ്പോകുന്നതിന്റെ കാരണവുമിതാണ്. വലിയ തോതിൽ വെള്ളപ്പൊക്കമുണ്ടായാൽ പോലും ഒഴുക്കു തടസ്സപ്പെടാത്ത രീതിയിലുള്ള പാലങ്ങളും റോഡുകളുമാണ് ആവശ്യം.